thomasyoy August 26th, 2008
ഐ.ടി. കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മലയാള പരിശീലനം പി.ടി.എ പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിലബസിനുപുറത്തുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരുടെ ശ്രമങ്ങളുടെ പിന്നിലെ ഇച്ഛാശക്തിയെ അദ്ദേഹം പ്രശംസിച്ചു. മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വി.എ.തമ്പി, ഐ.ടി. കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.
Tags: debian malayalam, malayalam and linux, malayalam typing, മലയാളം
sanalmadatheth August 25th, 2008
മലയാള കവിതയുടെ ലോകത്തേക്കു തുറക്കുന്ന മറ്റൊരു ജാലകം പരിചയപ്പെടുത്താതിരിക്കുന്നതെങ്ങനെ?”ബൂലോകകവികള്‍”അനവധിയുണ്ട്.എന്നാല്‍ കവിതയ്ക്കു മാത്രമായൊരിടം ഹരിതകം എന്ന സൈറ്റ് ശ്രദ്ധേയമാകുന്നതിതുകൊണ്ടാണ്.സമകാലീനം,ക്ലാസിക്,പ്രാചീനം,വിവര്‍ത്തനം എന്നിങ്ങനെ കവിതയുടെ വിവിധമേഖലകളിലേക്കു കടക്കാന്‍ വായനക്കാരനു കഴിയുന്നു.വള്ളത്തോള്‍,ഇടശ്ശേരി,പി.കുഞ്ഞിരാമന്‍ നായര്‍,ബാലാമണിയമ്മ,ജി.ശങ്കരക്കുറുപ്പ് - തുടങ്ങിയവരുടെ പ്രസിദ്ധ കവിതകളിവിടെയുണ്ട്.അയ്യപ്പപ്പണിക്കര്‍,കല്പറ്റ നാരായണന്‍,സുനില്‍.പി.ഇളയിടം തുടങ്ങിയവരുടെ ലേഖനങ്ങളും സൈറ്റിലുണ്ട്.സൈബര്‍ ലോകത്തെ കവിതയുടെ പച്ചത്തുരുത്ത്.ഇതു കാണാതിരിക്കുന്നതൊരു വലിയ നഷ്ടം തന്നെയായിരിക്കും.
Tags: harithakam, കവിത, മലയാളകവിത, ഹരിതകം
sanalmadatheth August 22nd, 2008
രണ്ടാം വര്‍ഷ അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ് വിദ്യാര്‍ത്ഥിനിയായ അശ്വനി അശോകന്‍, രണ്ടാം വര്‍ഷ ഡൊമസ്റ്റിക് നേഴ്സിങ് വിദ്യാര്‍ത്ഥിനിയായ നീതു.ഏ.എസ് എന്നിവര്‍ എസ്.ബി.ഐ.ടാലന്റ് അവാര്‍ഡിന് അര്‍ഹരായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃപ്പൂണിത്തുറ ശാഖയാണ് അവാര്‍ഡുകള്‍ നല്കിയത്.സ്കൂളില്‍ നടന്ന ചടങ്ങില്‍ എസ്.ബി.ഐ.തൃപ്പൂണിത്തുറ ശാഖയുടെ സീനിയര്‍ മാനേജര് ജയറാം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്കി.ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി, പ്രിന്‍സിപ്പല്‍ വി.എ.തമ്പി എന്നിവര്‍ പങ്കെടുത്തു

Tags: sbi talent award, sbi tripunithura, vhse toppers, vhss irimpanam toppers
thomasyoy August 18th, 2008
ഐ.ടി കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മലയാളം ടൈപ്പിങ്ങില്‍ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 22-8-08 വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
thomasyoy August 18th, 2008
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. മാനേജര്‍ ശ്രി. എം. ഐ. ജോസ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ റാലി നടന്നു. അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി. ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. കൈത്തറി വസ്ത്രധാരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. കുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി
sanalmadatheth August 12th, 2008
നിങ്ങളുടെ കൈവശം .avi ഫോര്‍മാറ്റിലുള്ള വിദേശസിനിമകളുണ്ടോ?ആ ഫോര്‍മാറ്റിലുള്ള ചലച്ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.ചുരുട്ടിയ(zipped)രൂപത്തിലുള്ള ഈ ഫയല്‍ നിവര്‍ത്തുക(unzip-ചെയ്യുക) .sub/.srt ഫോര്‍മാറ്റിലുള്ള ഈസബ്ടൈറ്റില്‍ ഫയലുകള്‍ ജി എഡിറ്റില്‍ തുറക്കാന്‍ കഴിയുന്നതാണ്.റൈറ്റ് ക്ലിക്ക് ചെയ്ത് open with>>Gedit എന്ന രീതിയില്‍ ഇത് തുറക്കാവുന്നതാണ്.ഫ്രെയിം നമ്പര്‍ ,സമയം എന്നിവയ്ക്ക് മാറ്റം വരാത്ത രീതിയില്‍ ഫയല്‍ എഡിറ്റ് ചെയ്ത് മലയാളമാക്കണം.ഫ്രെയിം നമ്പറിനു മുമ്പുള്ള സ്പെയ്സ്, എഡിറ്റു ചെയ്യുമ്പോള്‍ ഇല്ലാതായാല്‍ അത് ശരിയായി സബ്ടൈറ്റില്‍ കാണുന്നതിന് തടസ്സമായേക്കാം.
സബ്ടൈറ്റില്‍ ഫയല്‍ save ചെയ്തതിനു ശേഷം അത് പുനര്‍നാമകരണം(rename) ചെയ്യേണ്ടി വന്നേക്കാം.കാരണം സബ്ടൈറ്റില്‍ ഫയലിന്റെയും ചലച്ചിത്ര ഫയലിന്റെയും പേര് ഒന്നു തന്നെയായിരിക്കണം.ഉദാഹരണത്തിന് titanic.avi എന്നാണ് ചലച്ചിത്രഫയലിന്റെ പേരെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് titanic.sub എന്നായിരിക്കണം.
നിലവില്‍ ഗ്നു-ലിനക്സ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടം മൂവീ പ്ലെയര്‍ ( Totem Movie Player) ഉപയോഗിച്ച് മാത്രമേ മലയാളം സബ്ടൈറ്റിലുകള്‍ കാണാന്‍ കഴിയുകയുള്ളൂ.മലയാളം സബ്ടൈറ്റില്‍ കൊടുത്തപ്പോള്‍ നേരിട്ട മറ്റൊരു പ്രശ്നം അക്ഷരങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ കാണപ്പെട്ടു എന്നതാണ്.ഈ പ്രശ്നം പരിഹരിക്കുന്നതിന് ടോട്ടം മൂവീ പ്ലെയറിന്റെ എഡിറ്റ് മെനുവില്‍ പ്രിഫറന്‍സസില്‍ ,ഫോണ്ട് രചനയാക്കി മാറ്റുക.അക്ഷര വലിപ്പം മാറ്റുന്നതിലൂടെയും ചിലപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.ലോകപ്രസിദ്ധ ജാപ്പനീസ് ചലച്ചിത്രകാരനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചിത്രത്തിന്റെ മലയാളം സബ്ടൈറ്റില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
നല്ല ആസ്വാദനശീലങ്ങളുള്ളവര്‍ക്കുപോലും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടെങ്കില്‍മാത്രമേ,വിദേശ ക്ലാസിക് സിനിമകളുടെ ലോകത്ത് പ്രവേശനമുള്ളൂ.ലോക ക്ലാസിക്കുകള്‍ക്ക് മലയാളം സബ്ടൈറ്റിലുകളുണ്ടായാല്‍ ഈ അവസ്ഥയ്ക്കു മാറ്റം വരും.
ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പങ്കുവയ്ക്കുന്നത് നന്നായിരിക്കും.
എം.ആര്‍.സനല്‍കുമാര്‍
(മലയാളം അദ്ധ്യാപകന്‍)
വി.എച്ച്.എസ്.എസ്.ഇരുമ്പനം
കടപ്പാട് : വിമല്‍ജോസഫ്
SPACE
Tags: akira kurasowa, club activities, film club, malayalam subtitles, subtitles
thomasyoy August 11th, 2008
2008-2009 അധ്യയന വര്‍ഷത്തെ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രന്‍സിപ്പാള്‍ ശ്രി. വി.എ. തമ്പി നിര്‍വഹിച്ചു. കണ്‍വീനറായി ടോണി വര്‍ഗീസ് (IX A), ജോയിന്റ് കണ്‍വീനറായി മാഹിന്‍(X B), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആര്‍ഷ ജേക്കബ് (X C),അരുണ്‍ ചന്ദ്രന്‍ (X E), തോമസ് എം. പോള്‍ (X F), ജ്യോതിക എം. ആര്‍.(VIA)എന്നിവരെ തെരഞ്ഞെടുത്തു.
‘മലയാളം സോഫ്റ്റ് വെയറില്‍’ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും, ഐ.ടി മാഗസിന്‍ പ്രസിദ്ധീകരിക്കാനും, ഡിജിറ്റല്‍ പെയിന്‍റിങ്, സ്ലൈഡ് പ്രസന്റേഷന്‍ എന്നിവ പരിശീലിപ്പിക്കാനും, ഐ.ടി. ക്വിസ്സുകള്‍ നടത്താനും തീരുമാനിച്ചു. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എം. ആര്‍. എന്നിവര്‍ സംസാരിച്ചു.
thomasyoy August 6th, 2008
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ഇരുമ്പനം ഹൈസ്കൂളില്‍ 2008 ഓഗസ്റ്റ് 6-ന് ഹിരോഷിമ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ വി.എ. തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി ഹിരോഷിമ ദിന സന്ദേശം നല്‍കി. പരിസ്ഥിതി ക്ലബ്ബിന്റെ സാരഥിയായ ബിജോയിസാര്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥിയായ ടോണി വര്‍ഗീസ് ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ദ്ധികള്‍ സംഘഗാനം ആലപിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വന്തമായി തയ്യാറാക്കിയ ബാഡ്ജുകളും പ്ലക്കാര്‍ഡുകളുമായാണ് എത്തിയിരുന്നത്. തുടര്‍ന്നു് നടന്ന യുദ്ധവിരുദ്ധ റാലി ശ്രി. ചന്ദ്രന്‍ കുന്നപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരവും നടന്നു.
sanalmadatheth August 3rd, 2008
ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായി.

Tags: akira kurasowa, dreams, film club, film society, kurasowa, malayalam subtitles