Archive for January, 2010

വയനാട്ടിലേക്ക് ഒരു പഠനയാത്ര

thomasyoy January 14th, 2010

സ്കൂളിലെ 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം പഠനയാത്രയുടെ ഭാഗമായി വയനാട് സന്ദര്‍ശിച്ചു. അവിടുത്തെ പ്രധാന ആകര്‍ഷണങ്ങളായ തോല്‍പ്പെട്ടി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, ഇടക്കല്‍ ഗുഹ, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ രണ്ട് ദിവസം നീണ്ട യാത്രക്കിടയില്‍ സംഘം സന്ദര്‍ശിച്ചു. തോല്‍പ്പെട്ടി വനത്തിനുള്ളിലൂടെ 25 കിലോമീറ്ററോളം ജീപ്പില്‍ സഞ്ചരിച്ച കുട്ടികള്‍ക്ക്, കാട്ടാന, കാട്ടുപോത്ത്, വിവിധ തരം കുരങ്ങുകള്‍, മയില്‍ തുടങ്ങിയ വന്യ മൃഗങ്ങളെ അടുത്ത് കാണാന്‍ കഴിഞ്ഞു. അതിപുരാതനമായ തിരുനെല്ലി ക്ഷേത്രവും സമീപത്തെ പാപനാശിനിപ്പുഴയും കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി.  കുറുവാദ്വീപിലേക്ക് ഒഴുക്കുള്ള പുഴയിലൂടെയുള്ള ബോട്ടുയാത്ര സാഹസീകത നിറഞ്ഞതായിരുന്നു.  സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ വശ്യമായ

കുറുവ ദ്വീപില്‍ നിന്നുംസൂചിപ്പാറ

വന്യഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല.  ചരിത്രം ഉറങ്ങുന്ന ഇടക്കല്‍ ഗുഹയിലേക്കുള്ള പ്രവേശനം കഠിനമായിരുന്നെങ്കിലും അതിനുള്ളിലെ ശിലാലിഖിതങ്ങളും കൊതിപ്പിക്കുന്ന തണുപ്പും അവിസ്മരണീയമായ അനുഭവമായിരുന്നു.

ക്രിസ്മസ് ആഘോഷം

thomasyoy January 14th, 2010

ഈ വര്‍ഷത്തെ ക്രിസ്മസ്, സ്കൂളില്‍ അത്യുല്‍സാഹത്തോടെ ആഘോഷിച്ചു.  സ്കൂളങ്കണവും ക്ലാസ്സ് മുറികളും നക്ഷത്ര ദീപങ്ങള്‍ കൊണ്ടും വര്‍ണ്ണക്കടലാസുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.  കരിങ്ങാച്ചിറ കത്തീഡ്രലിലെ വികാരി ഫാ.ജേക്കബ് പ്രധാന ക്രിസ്മസ് സന്ദേശം നല്കി.  കുട്ടികളുടെ ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ സ്കൂളങ്കണത്തില്‍ ക്രിസ്മസ് ഗാനങ്ങള്‍ക്കൊത്ത് ചുവടുവെച്ചു.

ക്രിസ്മസ് സന്ദേശം

തിരുപ്പിറവിയുടെ നിശ്ചല ദൃശ്യം അവിസ്മരണീയമായിരുന്നു.  പൊന്നും മൂരും കുന്തിരിക്കവുമായി കിഴക്കുനിന്നും മൂന്ന് രാജാക്കന്മാരെത്തി. മാലാഖമാര്‍ ഉണ്ണിയേശുവിന് സ്തുതി ഗീതം പാടി.

പാപ്പാനി

കുട്ടികളുടെ വിവിധ ഗ്രൂപ്പുകള്‍ കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.  അധ്യാപകരുടെ കരോള്‍ ഗാനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.  കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

കേരളത്തിലെ പൂക്കള്‍ ടക്സ്​പെയിന്റില്‍

sanalmadatheth January 12th, 2010

ചിത്രരചനയില്‍ താല്പര്യമില്ലാത്തവര്‍ക്കു കൂടി വരയ്ക്കാന്‍ തോന്നിപ്പിക്കുന്ന വിധം ആകര്‍ഷകമാണ് ടക്സ്​പെയിന്റിന്റെ ഘടന. ടക്സ്​പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുള്ളവരെല്ലാം സ്റ്റാമ്പ് ടൂള്‍ തീര്‍ച്ചയായും ഉപയോഗിച്ചിട്ടുണ്ടാവണം. വിവിധ വലിപ്പത്തില്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പതിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ടൂള്‍. വിവിധ സ്റ്റാമ്പുകളില്‍ ക്ലിക്കു ചെയ്യുമ്പോള്‍  ചിത്രത്തിന്റെ പേര് താഴെ ഇംഗ്ലീഷില്‍ എഴുതി കാണിക്കാറുണ്ടല്ലോ. ചിത്രത്തില്‍ ക്ലിക്കുചെയ്യുമ്പോള്‍ ശബ്ദവും കേള്‍ക്കാം. കേരളത്തിലെ പൂക്കളും പച്ചക്കറികളുമെല്ലാം ഇക്കൂട്ടത്തില്‍ കണ്ടിട്ടില്ലല്ലോ. അതിനുള്ള ശ്രമമാണ് ഞങ്ങള്‍ തുടങ്ങി വയ്ക്കുന്നത്. കേരളത്തിലെ പൂക്കളും പഴങ്ങളുമെല്ലാം ടക്സ്​പെയിന്റില്‍ സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമം. മുക്കുറ്റിപ്പൂവിന്റെ ചിത്രത്തില്‍ ക്ലിക്കു ചെയ്യുമ്പോള്‍ മുക്കുറ്റിപ്പൂവ് എന്ന ശബ്ദം കേള്‍ക്കാം. മുക്കുറ്റി എന്ന് മലയാളത്തില്‍ എഴുതികാണിക്കുകയും ചെയ്യും. എന്തൊക്കെയാണിതിനു ചെയ്യേണ്ടത് ?   ചുരുക്കി സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യുക. ആര്‍ക്കൈവ് മാനേജര്‍ (archive manager) ഉപയോഗിച്ച് അത് നിവര്‍ത്തുക.  യൂസറുടെ ഹോം ( user’s home ) ഫോള്‍ഡറിനകത്ത്  .tuxpaint ( ഡോട്ട് ടക്സ്​പെയിന്റ് ) എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക.(ടക്സ്​പെയിന്റ് ഉപയോഗിച്ച് മുന്‍പ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഹോം ഫോള്‍ഡറിനുള്ളില്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടാവും. ഹോം ഫോള്‍ഡര്‍ തുറന്ന് അതിനകത്ത് ctrl  കീയും h എന്ന കീയും ഒരുമിച്ചമര്‍ത്തുക.അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ ഉണ്ടെങ്കില്‍ അതു തുറക്കുക) അതു തുറന്ന് അതിനകത്ത് stamps എന്ന മറ്റൊരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് അതിനകത്തേക്ക് നിവര്‍ത്തിയ ഫോള്‍ഡര്‍ പകര്‍ത്തുക. ഫോള്‍ഡറിനു പേരു നല്കിയപ്പോള്‍ പേരിനു മുമ്പ് ഡോട്ട് നല്കിയതെന്തിനെന്നറിയുമോ ? ഗ്നു ലിനക്സിലെ രഹസ്യഫോള്‍ഡറുകളെല്ലാം (hidden directories ) ഡോട്ടിലാണു ( . ) തുടങ്ങുന്നത്. കീബോര്‍ഡിലെ കണ്‍ട്രോള്‍ ( control ) , എച്ച് ( h ) എന്നീ കട്ടകള്‍ അമര്‍ത്തുമ്പോള്‍ രഹസ്യഫോള്‍ഡറുകളെല്ലാം ദൃശ്യമാകുന്നു. ഒരിക്കല്‍ കൂടി ഇതേ കട്ടകളമര്‍ത്തിയാല്‍ രഹസ്യ ഫോള്‍ഡറുകളെല്ലാം അദൃശ്യമാകുന്നു. ഇനി ടക്സ്​പെയിന്റ് തുറന്ന് സ്റ്റാമ്പ് ടൂളില്‍ ക്ലിക്ക് ചെയ്ത് വിവിധ സ്റ്റാമ്പുകള്‍ ഉപയോഗിച്ചുനോക്കൂ. നമ്മുടെ ഭാഷയും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതിനുള്ള അനവധി സാധ്യതകള്‍ ഗ്നുലിനക്സിലുണ്ട്. ആ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വതന്ത്രസോഫ്റ്റ്​വെയറിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഞങ്ങളിത് സമര്‍പ്പിക്കുന്നു.

ചുരുക്കത്തില്‍
1.മുകളില്‍ കൊടുത്തിരിക്കുന്ന “ഇവിടെ ” എന്ന ലിങ്കില്‍ നിന്നും ഫയല്‍ ഡൌണ്‍ലോഡു ചെയ്യുക.
2.ഡൌണ്‍ലോഡു ചെയ്ത ഫയലില്‍ Rightclick ചെയ്യുക
3.Open with Archive Manager സെലക്ട് ചെയ്യുക.
5.അപ്പോള്‍ തുറന്നുവരുന്ന ജാലകത്തിലെ “EXTRACT”ബട്ടണില്‍ ക്ലിക്കു ചെയ്യുക.
6.നിങ്ങളുടെ Home ഫോള്‍ഡര്‍ തുറന്ന്
.tuxpaint എന്ന ഫോള്‍ഡര്‍ നിര്‍മ്മിക്കുക
7.അതിനകത്തേക്ക് Extract ചെയ്തപ്പോള്‍ കിട്ടിയ stamps എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്യുക.
8.ഇനി ടക്സ്​പെയിന്റ് തുറന്ന്  stamps ല്‍ ക്ലിക്കു ചെയ്തോളൂ. പുതിയ സ്റ്റാമ്പുകള്‍ അവിടെയുണ്ടാകും.

( സംശയങ്ങളുണ്ടെങ്കില്‍ 9496449969 എന്ന നമ്പറില്‍ ബന്ധപ്പെടുക )

Released under The creative commons attribution share alike license.