Archive for the tag 'film club'

സിനിമ – എക്കാലത്തെയും മഹത്തായ കല

sanalmadatheth September 23rd, 2008

ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലാരൂപമെന്ന് മഹാനായ ലെനിന്‍ വിശേഷിപ്പിച്ച സിനിമയെന്ന കലാരൂപത്തെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതിന് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രേരണയേകുന്നതായിരുന്നു , ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് . സെപ്റ്റംബര്‍ 18 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി എം . എ . ബേബി പത്തു പുസ്തകങ്ങള്‍ നല്കുന്ന അനുഭവം ഒരു നല്ല സിനിമയ്ക്കു നല്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു.

അശ്വത്ഥാമാവ് , പുരുഷാര്‍ത്ഥം എന്നീ സിനിമകളുടെ സംവിധായകനായ കെ . ആര്‍ . മോഹനന്‍ ചലച്ചിത്ര കലയുടെ ചരിത്രവും , സാങ്കേതികാംശങ്ങളും കുട്ടികള്‍ക്കു പരിചയപ്പെടുത്തി . ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നല്ല സിനിമകള്‍ കുട്ടികളുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിവരിച്ചു .

Best Critic of the year അവാര്‍ഡു നേടിയ ജി . പി . രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം കുട്ടികള്‍ക്കു പരിചയപ്പെടുത്തി . Great Dictator എന്ന ചാപ്ലിന്‍ ചിത്രത്തില്‍ ക്ഷുരകന്‍ ഹിറ്റ്ലര്‍ക്കു പകരം സംസാരിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചാണ് . ലോകസിനിമയിലെ പ്രധാന ശബ്ദനിമിഷങ്ങളിലൊന്നാണിതെന്നദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യവാദിയായ ഈ ചലച്ചിത്രകാരനെ അമേരിക്കന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റെന്നു മുദ്ര കുത്തി നാടുകടത്തുകയുണ്ടായി .

സ്ത്രീയെ ശരീരമായി മുദ്ര കുത്തുന്ന ഹോളിവുഡ് സിനിമയുടെ ചിന്താദാരിദ്ര്യത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി . ജെയിംസ് ബോണ്ട് സിനിമകള്‍ തന്നെയാണിതിനുത്തമോദാഹരണം .
പ്രചാരണലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ടതാണ് ഗ്രിഫിത്തിന്റെ Birth of Nation . KKK യുടെ പ്രചാരണമായിരുന്നു ലക്ഷ്യം . മാര്‍ക്സ് കാണാത്ത ഈ കലയുടെ പോഷണത്തിനായി ലെനിന്‍ സോവിയറ്റുയൂണിയനില്‍ ഫിലിം സ്കൂള്‍ സ്ഥാപിച്ചു . ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍ കമ്യൂണിസ്റ്റ് പ്രചാരണ സിനിമ തന്നെയാണ് . എങ്കിലും സിനിമയുടെ ഭാഷയും വ്യാകരണവും ചമച്ച ചിത്രം എന്ന പ്രസക്തി ഇതിനുണ്ട് . 75 വര്‍ഷങ്ങള്‍ പിന്നിട്ട മലയാള സിനിമയുടെ ചരിത്രവും അദ്ദേഹം വിവരിച്ചു .
തന്റെ കുട്ടിക്കാലത്തെ സിനിമാഭിനിവേശങ്ങള്‍ പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ കുട്ടികളുമായി പങ്കുവച്ചു . തനിക്കു ലഭിച്ച ഫിലിം നെഗറ്റീവുകള്‍ കൂട്ടിച്ചേര്‍ത്ത് , ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച് ലെന്‍സാക്കി മാറ്റി അതിനെ സൈക്കിള്‍ പെഡലുപയോഗിച്ച് കറക്കി സിനിമയാക്കി മാറ്റിയ കുട്ടിക്കാലത്തെ ഇന്ദ്രജാലം

.

ദൃശ്യങ്ങള്‍ ആശയസംവേദനം നടത്തുന്നതെങ്ങനെയെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡോ . സി . എസ് . വെങ്കിടേശ്വരന്‍ ക്ലാസ് നയിച്ചത് . ഡിജിറ്റല്‍ യുഗത്തിലെത്തി നില്ക്കുന്ന സിനിമയുടെ ചരിത്രവും അദ്ദേഹം ചുരുക്കി വിവരിച്ചു . ആഗോള കലയായ സിനിമ സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ ലംഘിക്കുന്നു . മൂന്നു സെക്കന്റു കൊണ്ട് പത്തു തലമുറയുടെ കഥ പറയുന്ന പരസ്യ ചിത്രങ്ങളുണ്ട് .


ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കലയാണ് ( Mass Art) സിനിമ . ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഇതിന്റെ സ്ഥാനം . ശബ്ദം കടന്നു വന്നതോടെയാണ് ഭാഷാ വ്യത്യാസങ്ങള്‍ സിനിമയില്‍ കടന്നു വന്നത് . സിനിമ പ്രാദേശികമായതപ്പോഴാണ് .
നശ്വരതയ്ക്കെതിരായ കലാപമാണ് സിനിമ ( Mummification) . സിനിമ അതുമായി ബന്ധപ്പെട്ടവരെ അനശ്വരരാക്കുന്നു .
ശബ്ദത്തിന്റെ സാന്നിധ്യം സിനിമയുടെ അര്‍ത്ഥതലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഡോ . സന്തോഷ് ക്ലാസെടുത്തു . ഹോളിവുഡ് സിനിമയിലെയും മലയാള സിനിമയിലെയും ശബ്ദഭാഗങ്ങളുടെ സഹായത്തോടെ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിവരിച്ചു

.
പ്രശസ്ത സംവിധായകനായ സിബി മലയില്‍ തന്റെ സിനിമാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു .


മൂന്നു ദിവസം നീണ്ട ക്യാമ്പ് സെപ്റ്റംബര്‍ 21 -നാണ് സമാപിച്ചത് .
റെഡ് ബലൂണ്‍ , പഥേര്‍ പാഞ്ചാലി , ദി കിഡ് , ദി ഡേ ഐ ബികെയ്മ് എ വുമണ്‍ , ഡ്രീംസ് , ഗ്ലാസ് , സൂ , ലയണ്‍ കിങ് , ഗോള്‍ഡ് റഷ് , ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി , ലൂമിയര്‍ ചിത്രങ്ങള്‍ എന്നീ ലോകപ്രശസ്ത സിനിമകള്‍ പ്രദര്‍പ്പിച്ചു .

വിദേശ സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റിലുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?

sanalmadatheth August 12th, 2008

നിങ്ങളുടെ കൈവശം .avi ഫോര്‍മാറ്റിലുള്ള വിദേശസിനിമകളുണ്ടോ?ആ ഫോര്‍മാറ്റിലുള്ള ചലച്ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.ചുരുട്ടിയ(zipped)രൂപത്തിലുള്ള ഈ ഫയല്‍ നിവര്‍ത്തുക(unzip-ചെയ്യുക) .sub/.srt ഫോര്‍മാറ്റിലുള്ള ഈസബ്ടൈറ്റില്‍ ഫയലുകള്‍ ജി എഡിറ്റില്‍ തുറക്കാന്‍ കഴിയുന്നതാണ്.റൈറ്റ് ക്ലിക്ക് ചെയ്ത് open with>>Gedit എന്ന രീതിയില്‍ ഇത് തുറക്കാവുന്നതാണ്.ഫ്രെയിം നമ്പര്‍ ,സമയം എന്നിവയ്ക്ക് മാറ്റം വരാത്ത രീതിയില്‍ ഫയല്‍ എഡിറ്റ് ചെയ്ത് മലയാളമാക്കണം.ഫ്രെയിം നമ്പറിനു മുമ്പുള്ള സ്പെയ്സ്, എഡിറ്റു ചെയ്യുമ്പോള്‍ ഇല്ലാതായാല്‍ അത് ശരിയായി സബ്ടൈറ്റില്‍ കാണുന്നതിന് തടസ്സമായേക്കാം.

സബ്ടൈറ്റില്‍ ഫയല്‍ save ചെയ്തതിനു ശേഷം അത് പുനര്‍നാമകരണം(rename) ചെയ്യേണ്ടി വന്നേക്കാം.കാരണം സബ്ടൈറ്റില്‍ ഫയലിന്റെയും ചലച്ചിത്ര ഫയലിന്റെയും പേര് ഒന്നു തന്നെയായിരിക്കണം.ഉദാഹരണത്തിന് titanic.avi എന്നാണ് ചലച്ചിത്രഫയലിന്റെ പേരെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് titanic.sub എന്നായിരിക്കണം.

നിലവില്‍ ഗ്നു-ലിനക്സ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടം മൂവീ പ്ലെയര്‍ ( Totem Movie Player) ഉപയോഗിച്ച് മാത്രമേ മലയാളം സബ്ടൈറ്റിലുകള്‍ കാ​ണാന്‍ കഴിയുകയുള്ളൂ.മലയാളം സബ്ടൈറ്റില്‍ കൊടുത്തപ്പോള്‍ നേരിട്ട മറ്റൊരു പ്രശ്നം അക്ഷരങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ കാണപ്പെട്ടു എന്നതാണ്.ഈ പ്രശ്നം പരിഹരിക്കുന്നതിന് ടോട്ടം മൂവീ പ്ലെയറിന്റെ എഡിറ്റ് മെനുവില്‍ പ്രിഫറന്‍സസില്‍ ,ഫോണ്ട് രചനയാക്കി മാറ്റുക.അക്ഷര വലിപ്പം മാറ്റുന്നതിലൂടെയും ചിലപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.ലോകപ്രസിദ്ധ ജാപ്പനീസ് ചലച്ചിത്രകാരനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചിത്രത്തിന്റെ മലയാളം സബ്ടൈറ്റില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

നല്ല ആസ്വാദനശീലങ്ങളുള്ളവര്‍ക്കുപോലും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടെങ്കില്‍മാത്രമേ,വിദേശ ക്ലാസിക് സിനിമകളുടെ ലോകത്ത് പ്രവേശനമുള്ളൂ.ലോക ക്ലാസിക്കുകള്‍ക്ക് മലയാളം സബ്ടൈറ്റിലുകളുണ്ടായാല്‍ ഈ അവസ്ഥയ്ക്കു മാറ്റം വരും.

ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പങ്കുവയ്ക്കുന്നത് നന്നായിരിക്കും.
എം.ആര്‍.സനല്‍കുമാര്‍
(മലയാളം അദ്ധ്യാപകന്‍)
വി.എച്ച്.എസ്.എസ്.ഇരുമ്പനം
കടപ്പാട് : വിമല്‍ജോസഫ്
SPACE

കുറസോവയുടെ ഡ്രീംസ് മലയാളം സബ്ടൈറ്റിലുകളോടെ

sanalmadatheth August 3rd, 2008

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായി.