Archive for the 'ക്ലബ് വിശേഷങ്ങള്‍' Category

സോപ്പ് നിര്‍മ്മാണം നടത്തി

thomasyoy December 3rd, 2008

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബാത്ത് സോപ്പിന്റെയും വാഷിങ് സോപ്പിന്റെയും നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളില്‍ സ്വാശ്രയ ശീലം ഉണ്ടാക്കാനും തൊഴില്‍ പരമായ കഴിവുകള്‍ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന ഈ പ്രവര്‍ത്തനം ആഗോള കുത്തകകള്‍ക്ക് എതിരെയുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗം കൂടിയാണ്. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബേല സി. ബേബിയില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് ബാത്ത് സോപ്പിന്റെ വിതരണോല്‍ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. വി.എ. തമ്പിയും, ക്ലബ്ബംഗം സൂരജില്‍ നിന്നും സോപ്പ് ഏറ്റ് വാങ്ങിക്കൊണ്ട് വാഷിങ് സോപ്പിന്റെ വിതരണോല്‍ഘാടനം സ്കൂള്‍ ലീഡര്‍ ചാരുത ബൈജുവും നിര്‍വ്വഫിച്ചു.ബാത്ത് സോപ്പിന്റെ വിതരണോല്ഘാടനം

ഫ്രീഡം ഷോയില്‍ ഐ.ടി.@സ്കൂളിനൊപ്പം ഇരുമ്പനം സ്കൂളും

thomasyoy November 14th, 2008

കൊച്ചിയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി യൂണിവേഴ്​സിറ്റി ക്യാംപസില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘ഫ്രീഡം ഷോ’ എന്ന സ്വതന്ത്ര സോഫ്റ്റ്​വെയര്‍ എക്സിബിഷനില്‍ IT@schoolനെ പ്രതിനിധാനം ചെയ്ത് ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നു. നാല് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് it@school-ന്റെ സ്റ്റാളാണ്. ഇരുമ്പനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ, സ്കൂളിന്റെ വെബ് സൈറ്റ്, എളുപ്പ രീതിയിലുള്ള മലയാളം ടൈപ്പിങ് എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

‘FREEDOM WALK’-ന് സ്വീകരണം നല്‍കി………..

thomasyoy October 30th, 2008

സോഫ്റ്റ് വെയര് സ്വാതന്ത്ര്യത്തിനുവേണ്ടി..........

ഒക്ടോബര്‍ 2-ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച് 45 ദിവസം കൊണ്ട് കേരളം ചുറ്റി സഞ്ചരിച്ച് നവംബര്‍ 14-ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രചരണ കാല്‍നട ജാഥയ്ക്ക് 29-10-08 ബുധനാഴ്ച ഇരുമ്പനം സ്കൂളില്‍ സ്വീകരണം നല്‍കി. വൈകുന്നേരം 3 മണിക്ക് സ്കൂളിലെത്തിയ ജാഥാംഗങ്ങളെ ഐ.ടി ക്ലബ്ബ് അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ ഐ.ടി.കോര്‍ണര്‍ കണ്‍വീനര്‍ ടോണി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി. എ. തമ്പി, ജാഥയുടെ ലക്ഷ്യങ്ങളെ പ്രശംസിച്ചു. സ്വീകരണത്തിന് മറുപടി പറഞ്ഞ ജാഥാക്യാപ്ടന്‍ അനൂപ് ജോണ്‍, ജാഥാംഗം സൂരജ് എന്നിവര്‍ ജാഥയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സോഫ്റ്റ് വെയര്‍ സ്വാതന്ത്യത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പി.ടി.എ. പ്രസിഡന്‍ഡ് ചന്ദ്രന്‍ കുന്നപ്പിള്ളി പങ്കെടുത്തു. ഐ.ടി.കോര്‍ണര്‍ എക്സിക്യൂട്ടീവ് അംഗം ആര്‍ഷ ജേക്കബ് നന്ദി പറഞ്ഞു.

അധ്യാപകര്‍ക്കായി ഹാര്‍ഡ് വെയര്‍ പരിശീലനം………………

thomasyoy October 19th, 2008

ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്കായി ഹാര്‍ഡ് വെയര്‍ പരിശീലനം നടത്തുന്നു….. ഇതിന്റെ ഭാഗമായി സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും അഴിച്ച് വൃത്തിയാക്കുകയും കേടുപാട് തീര്‍ക്കുകയും ചെയ്യും. ഹാര്‍ഡ് വെയര്‍ പഠിക്കുന്നതിന് ഇത് അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യും. ഐ.ടി കോര്‍ഡിനേറ്ററായ തോമസ് യോയാക്ക് പരിശീലനത്തിന് നേതൃത്വം നല്‍കും

നമ്മുടെ സ്വപ്നം

sanalmadatheth October 6th, 2008

സോഫ്റ്റ്​വെയര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇരുമ്പനം ഹൈസ്കൂള്‍ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തില്‍ അധ്യാപകരായ തോമസ്.പി.യോയാക്ക് , സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു . സ്വതന്ത്ര സോഫ്റ്റ്​വെയറുകളുടെ ഉപയോഗം മുതലാളിത്തത്തോടുള്ള ചെറുത്തുനില്പും അതിലുപരി രാജ്യസ്നേഹവുമാണെന്ന് തോമസ്.പി.യോയാക്ക് അഭിപ്രായപ്പെട്ടു.സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോഗിക്കുന്നതിലൂടെ പങ്കുവയ്ക്കലിന്റെ സംസ്കാരമാണ് കുട്ടികളിലുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭാവി തലമുറ ഈ പൊതുസേവനത്തിന്റെ മാതൃകയാണ് പിന്തുടരേണ്ടത്.അറിവ് പങ്കുവയ്ക്കുന്ന സംസ്കാരമാണ് ഭാരതത്തിനുണ്ടായിരുന്നത്. സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും അറിവുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ലോകമായിരിക്കണം നമ്മുടെ സ്വപ്നം

സിനിമ - എക്കാലത്തെയും മഹത്തായ കല

sanalmadatheth September 23rd, 2008

ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലാരൂപമെന്ന് മഹാനായ ലെനിന്‍ വിശേഷിപ്പിച്ച സിനിമയെന്ന കലാരൂപത്തെ പുതിയ രീതിയില്‍ നോക്കിക്കാണുന്നതിന് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രേരണയേകുന്നതായിരുന്നു , ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചലച്ചിത്ര പഠനാസ്വാദന ക്യാമ്പ് . സെപ്റ്റംബര്‍ 18 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി എം . എ . ബേബി പത്തു പുസ്തകങ്ങള്‍ നല്കുന്ന അനുഭവം ഒരു നല്ല സിനിമയ്ക്കു നല്കാന്‍ കഴിയുമെന്നഭിപ്രായപ്പെട്ടു.

അശ്വത്ഥാമാവ് , പുരുഷാര്‍ത്ഥം എന്നീ സിനിമകളുടെ സംവിധായകനായ കെ . ആര്‍ . മോഹനന്‍ ചലച്ചിത്ര കലയുടെ ചരിത്രവും , സാങ്കേതികാംശങ്ങളും കുട്ടികള്‍ക്കു പരിചയപ്പെടുത്തി . ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം നല്ല സിനിമകള്‍ കുട്ടികളുടെ അനുഭവ ലോകത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചും വിവരിച്ചു .

Best Critic of the year അവാര്‍ഡു നേടിയ ജി . പി . രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം കുട്ടികള്‍ക്കു പരിചയപ്പെടുത്തി . Great Dictator എന്ന ചാപ്ലിന്‍ ചിത്രത്തില്‍ ക്ഷുരകന്‍ ഹിറ്റ്ലര്‍ക്കു പകരം സംസാരിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചാണ് . ലോകസിനിമയിലെ പ്രധാന ശബ്ദനിമിഷങ്ങളിലൊന്നാണിതെന്നദ്ദേഹം അഭിപ്രായപ്പെട്ടു . ജനാധിപത്യവാദിയായ ഈ ചലച്ചിത്രകാരനെ അമേരിക്കന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റെന്നു മുദ്ര കുത്തി നാടുകടത്തുകയുണ്ടായി .

സ്ത്രീയെ ശരീരമായി മുദ്ര കുത്തുന്ന ഹോളിവുഡ് സിനിമയുടെ ചിന്താദാരിദ്ര്യത്തിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി . ജെയിംസ് ബോണ്ട് സിനിമകള്‍ തന്നെയാണിതിനുത്തമോദാഹരണം .
പ്രചാരണലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ടതാണ് ഗ്രിഫിത്തിന്റെ Birth of Nation . KKK യുടെ പ്രചാരണമായിരുന്നു ലക്ഷ്യം . മാര്‍ക്സ് കാണാത്ത ഈ കലയുടെ പോഷണത്തിനായി ലെനിന്‍ സോവിയറ്റുയൂണിയനില്‍ ഫിലിം സ്കൂള്‍ സ്ഥാപിച്ചു . ബാറ്റില്‍ ഷിപ്പ് പൊട്ടെംകിന്‍ കമ്യൂണിസ്റ്റ് പ്രചാരണ സിനിമ തന്നെയാണ് . എങ്കിലും സിനിമയുടെ ഭാഷയും വ്യാകരണവും ചമച്ച ചിത്രം എന്ന പ്രസക്തി ഇതിനുണ്ട് . 75 വര്‍ഷങ്ങള്‍ പിന്നിട്ട മലയാള സിനിമയുടെ ചരിത്രവും അദ്ദേഹം വിവരിച്ചു .
തന്റെ കുട്ടിക്കാലത്തെ സിനിമാഭിനിവേശങ്ങള്‍ പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ കുട്ടികളുമായി പങ്കുവച്ചു . തനിക്കു ലഭിച്ച ഫിലിം നെഗറ്റീവുകള്‍ കൂട്ടിച്ചേര്‍ത്ത് , ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ച് ലെന്‍സാക്കി മാറ്റി അതിനെ സൈക്കിള്‍ പെഡലുപയോഗിച്ച് കറക്കി സിനിമയാക്കി മാറ്റിയ കുട്ടിക്കാലത്തെ ഇന്ദ്രജാലം

.

ദൃശ്യങ്ങള്‍ ആശയസംവേദനം നടത്തുന്നതെങ്ങനെയെന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡോ . സി . എസ് . വെങ്കിടേശ്വരന്‍ ക്ലാസ് നയിച്ചത് . ഡിജിറ്റല്‍ യുഗത്തിലെത്തി നില്ക്കുന്ന സിനിമയുടെ ചരിത്രവും അദ്ദേഹം ചുരുക്കി വിവരിച്ചു . ആഗോള കലയായ സിനിമ സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതികളെ ലംഘിക്കുന്നു . മൂന്നു സെക്കന്റു കൊണ്ട് പത്തു തലമുറയുടെ കഥ പറയുന്ന പരസ്യ ചിത്രങ്ങളുണ്ട് .


ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന കലയാണ് ( Mass Art) സിനിമ . ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് ഇതിന്റെ സ്ഥാനം . ശബ്ദം കടന്നു വന്നതോടെയാണ് ഭാഷാ വ്യത്യാസങ്ങള്‍ സിനിമയില്‍ കടന്നു വന്നത് . സിനിമ പ്രാദേശികമായതപ്പോഴാണ് .
നശ്വരതയ്ക്കെതിരായ കലാപമാണ് സിനിമ ( Mummification) . സിനിമ അതുമായി ബന്ധപ്പെട്ടവരെ അനശ്വരരാക്കുന്നു .
ശബ്ദത്തിന്റെ സാന്നിധ്യം സിനിമയുടെ അര്‍ത്ഥതലങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഡോ . സന്തോഷ് ക്ലാസെടുത്തു . ഹോളിവുഡ് സിനിമയിലെയും മലയാള സിനിമയിലെയും ശബ്ദഭാഗങ്ങളുടെ സഹായത്തോടെ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിവരിച്ചു

.
പ്രശസ്ത സംവിധായകനായ സിബി മലയില്‍ തന്റെ സിനിമാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു .


മൂന്നു ദിവസം നീണ്ട ക്യാമ്പ് സെപ്റ്റംബര്‍ 21 -നാണ് സമാപിച്ചത് .
റെഡ് ബലൂണ്‍ , പഥേര്‍ പാഞ്ചാലി , ദി കിഡ് , ദി ഡേ ഐ ബികെയ്മ് എ വുമണ്‍ , ഡ്രീംസ് , ഗ്ലാസ് , സൂ , ലയണ്‍ കിങ് , ഗോള്‍ഡ് റഷ് , ദി ഗ്രെയ്റ്റ് ട്രെയിന്‍ റോബറി , ലൂമിയര്‍ ചിത്രങ്ങള്‍ എന്നീ ലോകപ്രശസ്ത സിനിമകള്‍ പ്രദര്‍പ്പിച്ചു .

മലയാളം ടൈപ്പിങ് പരിശീലനം ആരംഭിച്ചു.

thomasyoy August 26th, 2008

ഐ.ടി. കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മലയാള പരിശീലനം പി.ടി.എ പ്രസിഡന്റ് ശ്രീ. ചന്ദ്രന്‍ കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിലബസിനുപുറത്തുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരുടെ ശ്രമങ്ങളുടെ പിന്നിലെ ഇച്ഛാശക്തിയെ അദ്ദേഹം പ്രശംസിച്ചു. മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ വി.എ.തമ്പി, ഐ.ടി. കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

മലയാളം ടൈപ്പിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

thomasyoy August 18th, 2008

ഐ.ടി കോര്‍ണറിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയറില്‍ മലയാളം ടൈപ്പിങ്ങില്‍ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 22-8-08 വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ഐ. ടി. കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

thomasyoy August 11th, 2008

2008-2009 അധ്യയന വര്‍ഷത്തെ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രന്‍സിപ്പാള്‍ ശ്രി. വി.എ. തമ്പി നിര്‍വഹിച്ചു. കണ്‍വീനറായി ടോണി വര്‍ഗീസ് (IX A), ജോയിന്റ് കണ്‍വീനറായി മാഹിന്‍(X B), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആര്‍ഷ ജേക്കബ് (X C),അരുണ്‍ ചന്ദ്രന്‍ (X E), തോമസ് എം. പോള്‍ (X F), ജ്യോതിക എം. ആര്‍.(VIA)എന്നിവരെ തെരഞ്ഞെടുത്തു.

‘മലയാളം സോഫ്റ്റ് വെയറില്‍’ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും, ഐ.ടി മാഗസിന്‍ പ്രസിദ്ധീകരിക്കാനും, ഡിജിറ്റല്‍ പെയിന്‍റിങ്, സ്ലൈഡ് പ്രസന്റേഷന്‍ എന്നിവ പരിശീലിപ്പിക്കാനും, ഐ.ടി. ക്വിസ്സുകള്‍ നടത്താനും തീരുമാനിച്ചു. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എം. ആര്‍. എന്നിവര്‍ സംസാരിച്ചു.

ഹിരോഷിമ ദിനം ആചരിച്ചു

thomasyoy August 6th, 2008

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ഇരുമ്പനം ഹൈസ്കൂളില്‍ 2008 ഓഗസ്റ്റ് 6-ന് ഹിരോഷിമ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ വി.എ. തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് ചന്ദ്രന്‍ കുന്നപ്പിള്ളി ഹിരോഷിമ ദിന സന്ദേശം നല്‍കി. പരിസ്ഥിതി ക്ലബ്ബിന്റെ സാരഥിയായ ബിജോയിസാര്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥിയായ  ടോണി വര്‍ഗീസ് ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ദ്ധികള്‍ സംഘഗാനം ആലപിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വന്തമായി തയ്യാറാക്കിയ ബാഡ്ജുകളും പ്ലക്കാര്‍ഡുകളുമായാണ് എത്തിയിരുന്നത്. തുടര്‍ന്നു് നടന്ന യുദ്ധവിരുദ്ധ റാലി ശ്രി. ചന്ദ്രന്‍ കുന്നപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരവും നടന്നു.

Next »